പോക്സോ കേസില്‍ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലില്‍ നിന്നുമാണ് നാഫിയെ കാണാതായത്. രണ്ടുമാസം മുമ്ബാണ് സംഭവം. നാഫിയെ കാണാതായതിനെ തുടർന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂർ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലില്‍ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം.

തുടർന്ന് കാളികാവ് പോലീസ്, ബേപ്പൂർ സ്റ്റേഷൻ പരിധിയിലെ കരയിലും സമീപ പ്രദേശങ്ങളിലെ തീരദേശ പൊലീസ് സ്റ്റേഷനുകളിലും നേരിട്ട് പോയി അന്വേഷണം നടത്തി. എല്ലാ തീരദേശ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറുകയും ചെയ്തു. കടലില്‍ കാണപ്പെട്ട എട്ടോളം അഞ്ജാത മൃതദേഹങ്ങള്‍ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നുവെങ്കിലും കാണാതായ മുഹമ്മദ് നാഫിയെക്കുറിച്ച് യാതൊരു തുമ്ബും കിട്ടിയിരുന്നില്ല.
എറണാകുളത്ത് ജോലി ചെയ്യുന്ന ബ്യൂട്ടി സലൂണിലേക്കെന്ന് പറഞാണ് നാഫി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇയാള്‍ പ്രതിയായ പോക്സോ കേസിന്റെ വിചാരണ പെരിന്തല്‍മണ്ണ പോക്സോ കോടതിയില്‍ അന്തിമഘട്ടത്തിലാണ്. ഈ കേസില്‍ ശിക്ഷ ഉറപ്പായ നാഫി ശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നതിനായാണ് ആത്മഹത്യാ നാടകം ഒരുക്കിയത്. നാഫിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാൻ സാധ്യതയുള്ള മുപ്പതോഓളം ആളുകളെ കേന്ദ്രീകരിച്ച് ശാസ്ത്രീയമായി നടത്തിയ നിരീക്ഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഒടുവില്‍ ഇയാള്‍ ആലപ്പുഴയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഒളിവില്‍ പോയതിന് ശേഷം വീട്ടുകാരുമായോ, സുഹൃത്തുകളുമായോ ഒരിക്കല്‍ പോലും ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല. മറ്റൊരാളുടെ അഡ്രസ്സില്‍ എടുത്ത ഫോണ്‍ നമ്ബറാണ് ഉപയോഗിച്ചിരുന്നത്. കാളികാവ് പോലീസ് ഇൻസ്പെക്ടർ വി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. എസ് ഐ. വി ശശിധരൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ പി അബ്ദുല്‍സലീം, വി വ്യതീഷ്, റിയാസ് ചീനി, അരുണ്‍ കുറ്റി പുറത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com