
കൊണ്ടോട്ടി: ഡൽഹിയിലെ ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളിൽ കൊണ്ടോട്ടി സ്വദേശിനി ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പിൽ അബ്ദുറഹ്‌മാൻ കാരിയുടെയും പരേതയായ ജമീലയുടെയും മകളാണ് ഫർഹാന. പുള്ളാവൂർ നാരകശ്ശേരി ഇ.ടി. മുഹമ്മദ് ബാഖവി – നഫീസ ദമ്പതികളുടെ മകൻ അസ്ലം ആണ് ഭർത്താവ്.വ്യാഴാഴ്ചയായിരുന്നു ഫർഹാനയുടെ പിറന്നാൾ. ബുധനാഴ്ച രാത്രി ഇരുവരും പുറത്തുപോയി ഭക്ഷണം കഴിച്ചതും കേക്ക് മുറിച്ചതുമെല്ലാം ഫർഹാന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെയോടെ അപകടം സംഭവിച്ചതായാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ഫർഹാനയെ ഫ്ലാറ്റിൽ തറയിൽ മരിച്ച നിലയിലും, അസ്ലത്തെ തൂങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.2023-ൽ വിവാഹിതരായ ഇരുവരും ഒന്നരവർഷത്തോളം ബെംഗളൂരുവിലായിരുന്നു താമസം. മൂന്ന് മാസം മുൻപാണ് ഇവർ ഗുരുഗ്രാമിലേക്ക് മാറിയത്. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അസ്ലം ജോലിസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. കമ്പ്യൂട്ടർ എൻജിനീയറായ ഫർഹാന വർക്ക് ഫ്രം ഹോം രീതിയിലായിരുന്നു ജോലി ചെയ്തിരുന്നത്.മരണത്തിന് മുൻപ് അസ്ലം സ്വന്തം കമ്പനിക്ക് അയച്ച ഇ-മെയിൽ സന്ദേശമാണ് നിർണ്ണായകമായത്. മാതാപിതാക്കളുടെയും ഫ്ലാറ്റ് ഉടമയുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടെയായിരുന്നു മെയിൽ. തുടർന്ന് കമ്പനി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ആർക്കെതിരെയും ആരോപണങ്ങളില്ല.പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച രാത്രിയോടെയോ ഞായറാഴ്ച പുലർച്ചെയോടെയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡൽഹിയിലെത്തിയ ബന്ധുക്കൾ.ഫർഹാനയുടെ സഹോദരങ്ങൾ: ഫൈസൽ, ഫൗസിയ. അസ്ലമിന്റെ സഹോദരങ്ങൾ: ഉവൈസ്, റംല.
