ഡൽഹി സെക്ടർ 68-ലെ എം.ത്രി.എം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് കെ. ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുഹമ്മദ് അസ്ലം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പ് അബ്ദുറഹ്മാൻ – ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. മരണവിവരം അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ഉടൻതന്നെ ഡൽഹിയിലേക്ക് തിരിച്ചു. സംഭവത്തിൽ ദമ്പതികളുടെ മരണകാരണം എന്താണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഡൽഹി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

