Monday, March 16News That Matters
Shadow

അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

നിലമ്പൂർ: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജിത (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മായിയമ്മ ശാന്തയെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ശാന്ത രജിതയെ ക്രൂരമായി വെട്ടുകയായിരുന്നു. രജിതയുടെ പിഞ്ചുമക്കളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. കുട്ടികളുടെ നിലവിളി കേട്ടാണ് അയൽവാസികൾ വിവരമറിയുന്നത്. വെട്ടേറ്റ് വീണ രജിത കുട്ടികളോട് വെള്ളം ആവശ്യപ്പെട്ടതായും, മക്കൾ വെള്ളം നൽകുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ടാപ്പിംഗ് തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട രജിത. സംഭവസമയത്ത് സുനിൽ ഓട്ടോയുമായി പുറത്തുപോയതായിരുന്നു. കൊലപാതകത്തിന് പ്രേരിപ്പിച്ച കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, രാവിലെ ചായ ചോദിച്ചപ്പോൾ ലഭിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് ശാന്ത പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പൂക്കോട്ടുംപാടം പോലീസ് സംഭവസ്ഥലത്തെത്തി ശാന്തയെ വീട്ടിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL