മലപ്പുറം: ജില്ലയിൽ എൽ.കെ.ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ച മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. സ്കൂൾ ബസിന്റെ പിൻസീറ്റിൽ വെച്ച് പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

