പിണറായി കായലോട് പറമ്ബായിയില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണ ചെയ്ത സംഭവത്തില്‍ യുവതി ജീവനൊടുക്കിയത് മനംനൊന്തെന്ന് പൊലീസ്. റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താൻകണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പില്‍നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് അറസ്റ്റിലായവർ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യില്‍ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്ത് എട്ടരയോടെ പറമ്ബായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകി യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. യുവാവിന്‍റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റിലായ പ്രതികളില്‍നിന്ന് പൊലീസ് കണ്ടെത്തി.കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. റസീനയുടെ ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയില്‍ ഭാഗം). പിതാവ്: എ. മുഹമ്മദ്. മാതാവ്: സി.കെ. ഫാത്തിമ.
