Thursday, September 18News That Matters
Shadow

സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ അസം സ്വദേശികൾ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികൾ പിടിയിൽ. കുറ്റിപ്പുറം തങ്ങൾപ്പടിയിലെ ലോഡ്ജിൽ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. കുറ്റിപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശിയാണ് ഹണിട്രപ്പിൽ കുടുങ്ങിയത്. എടപ്പാളിൽ മൊബൈൽ ഷോപ്പ് നടത്തുന്ന യുവാവിനോട് ബന്ധം സ്ഥാപിച്ചാണ് പ്രതികൾ കെണിയൊരുക്കിയത്. കടയിൽ മൊബൈൽ ഫോൺ നന്നാക്കുന്നതിനായി എത്തിയ യാസ്മിൻ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചു. നന്നായി ഹിന്ദി സംസാരിക്കുന്നതിനാൽ സൗഹൃദം വളർന്നു. ഇതോടെ യാസ്മിൻ ആലവും ഖദീജ ഖാത്തൂനും ചേർന്ന് ഹണിട്രാപ്പ് പദ്ധതി ഒരുക്കി.  പ്രതികൾ താമസിക്കുന്ന കുറ്റിപ്പുറം തങ്ങൾപടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഖദീജ ഖാത്തൂനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൂട്ടുകാരിയാണെന്നു പറഞ്ഞാണ് ഖദീജയെ ആലം പരിചയപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും ചേർന്ന് യുവാവിന് വിരുന്നൊരുക്കുകയും മദ്യം നിർബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തു. മദ്യലഹരിയിലായ യുവാവിനെ യുവതിയുടെ കൂടെ കിടത്തി അശ്ലീല വിഡിയോകൾ ചിത്രീകരിക്കുകയും യുവാവിന്റെ കൈ വശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. 

അഞ്ചു തവണയായി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി ലോഡ്ജ് മുറിയിൽ എത്തിച്ചിട്ടുണ്ട്. ഈ സമയങ്ങളിലെല്ലാം വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവിൽനിന്ന് ഗൂഗിൾപേ വഴിയും എ.ടി.എം വഴിയും നേരിട്ടും സംഘം പണം തട്ടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തു ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ പലരിൽനിന്നും പണം തരപ്പെടുത്തിയാണ് യുവാവ് ഹണിട്രാപ്പ് സംഘത്തിന് നൽകിവന്നിരുന്നത്. ഭീഷണിപ്പെടുത്തലും പണം തട്ടിയെടുക്കലും തുടർന്നതോടെ ഗത്യന്തരമില്ലാതായ യുവാവ് അവസാനം സഹോദരിയോട് 16,000 രൂപ കടം വാങ്ങി സംഘത്തിന് നൽകി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സഹോദരിയിൽ നിന്ന് പണം വാങ്ങിയ വിവരം വീട്ടുകാർ അറിഞ്ഞതോടെ താൻ കെണിയിൽ കുടുങ്ങിയ കഥ യുവാവ് വീട്ടുകാരോട് വിവരിച്ചു. അതോടെ യുവാവിന്റെ ബന്ധുക്കൾ കുറ്റിപ്പുറം പൊലിസിനെ സമീപിക്കുകയായിരുന്നു. പൊലിസ് ലോഡ്ജ് മുറി റെയ്ഡ് ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്യുകയകയിരുന്നു. മുംബൈയിലായിരുന്ന യുവാവ് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തി എടപ്പാളിലെ മൊബൈൽ ഷോപ്പിൽ ജോലിക്ക് കയറിയത്. മുംബൈയിൽ ജോലി ചെയ്തിരുന്ന അച്ഛൻ മരിച്ചതിനെ തുടർന്ന് ലഭിച്ച ഇൻഷുറസ് പണവും മുത്തശ്ശി നൽകിയ മൂന്നു ലക്ഷവും ഉൾപ്പെടെയുള്ള തുകയാണ് സംഘം തട്ടിയെടുത്തത്.  പിടിയിലായ പ്രതികളിൽനിന്ന് മൊബൈൽ ഫോൺ, അശ്ലീല വിഡിയോകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ പൊലിസ് കണ്ടെടുത്തു. പ്രതികൾ വേറെ ആരെയെങ്കിലും സമാന രീതിയിൽ കെണിയിൽപെടുത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലിസ് അന്വേഷിക്കുന്നുണ്ട്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL