
കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി അവനിക (14), പ്ലസ് ടു വിദ്യാർഥി പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച വൈകിട്ട് 5.45-ഓടെ മംഗലാപുരം – ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നതിനാൽ ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഇരുവരും വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, രാത്രിയോടെ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തായി വരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു ദാരുണ സംഭവം. വികാസ് നോർത്ത് പാണകുളംകുനി സുരേഷ് – റീന ദമ്പതികളുടെ മകളാണ് അവനിക. തിരുവങ്ങൂർ കോയിപ്പറമ്പത്ത് സുബീഷ് – സുനിഷ ദമ്പതികളുടെ മകനാണ് പാർത്ഥിബ്.
