
കൂത്തുപറമ്പ്: കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണവം പോലീസ് സ്റ്റേഷന് മുൻവശത്ത് ടയർ പങ്ചർ കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയും സിനിമാ നടനുമായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ, കണ്ണവം ഭാഗത്തേക്ക് നടന്നുപോവുകയായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് റോഡരികിലെ പോലീസിന്റെ നിരീക്ഷണ ക്യാമറ പോസ്റ്റും ഇടിച്ചുതകർത്താണ് കാർ നിന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം.അപകടത്തിൽ മരിച്ച ഇസ്മായിൽ നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ണവത്തെ പരേതരായ അബ്ദുറഹ്മാൻ – ആയിഷ ദമ്പതികളുടെ മകനാണ്. മരണപ്പെട്ട സജീഷ് മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കൾ: അനു സജീഷ് (വിദ്യാർത്ഥി, തലശ്ശേരി ബ്രണ്ണൻ കോളേജ്), ആരോമൽ (വിദ്യാർത്ഥി, ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരൻ: ലിനീഷ് കുമാർ. മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണവം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
