
കൊല്ലം: നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു മരണം കൂടി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്തളം സ്വദേശി ഹൽബി ജലാൽ (21) ആണ് ഇന്ന് മരണപ്പെട്ടത്. ഹൽബിയുടെ അമ്മ സെൽവം മുഹമ്മദ് കുഞ്ഞ് (53) അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പത്തനംതിട്ട പന്തളം സ്വദേശികളായ ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചായിരുന്നു അപകടം.
ഇന്നലെ രാത്രിയായിരുന്നു രണ്ട് ജീവനുകൾ കവർന്ന ഈ ദാരുണ സംഭവം. അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിനെ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും എതിർദിശയിൽ നിന്നെത്തിയ മറ്റൊരു കാറും ഇടിച്ചുതെറിപ്പിച്ചു. ഇതിനിടെ സെൽവം മുഹമ്മദ് കുഞ്ഞിന്റെ ശരീരത്തിലൂടെ ഒരു ബൈക്കും കയറിയിറങ്ങിയിരുന്നു. അപകടത്തിന് ശേഷം സ്കൂട്ടറിനെ ആദ്യം ഇടിച്ച കാർ നിർത്താതെ പോയി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇടിച്ചിട്ട വാഹനം കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്.
