അരീക്കോട്: അരീക്കോട് ആലുക്കലിൽ ഇന്നലെയുണ്ടായ ബസ്സും ഇന്നോവ കാറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാർ ഡ്രൈവർ മരണപ്പെട്ടു. കാളികാവ് സ്വദേശി പാലകോടൻ ഹാരിസ് (40) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാരിസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ചയായിരുന്നു കുരിക്കൾ ബസ്സും ഹാരിസ് ഓടിച്ചിരുന്ന ഇന്നോവ കാറും തമ്മിൽ അതിശക്തമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകരുകയും ഹാരിസ് ഉള്ളിൽ കുടുങ്ങുകയും ചെയ്തിരുന്നു. കാറിന്റെ മുകൾ ഭാഗം വെട്ടിപ്പൊളിച്ചാണ് ഹാരിസിനെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽപ്പെട്ട ബസ്സിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മറ്റ് യാത്രക്കാരെ അരീക്കോട്ടെയും പരിസരത്തെയും സ്വകാര്യ ആശുപത്രികളിലും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം ഹാരിസിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

