Monday, March 2News That Matters
Shadow

പറമ്പിലെ തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് തീ അണച്ച ശേഷം

മലപ്പുറം ആനമങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണയ്ക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. വടക്കച്ചേരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാധാകൃഷ്ണൻ അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് ദാരുണമായ സംഭവം നടന്നത്. പറമ്പിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം സ്ഥലത്തെത്തി തീയണച്ചിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈകുന്നേരം ആറരയോടെ പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഏക്കറുകളോളം സ്ഥലത്തെ മരങ്ങളും പുൽക്കാടുകളും തീപിടുത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കുന്നതിനിടെ ഇദ്ദേഹം എങ്ങനെയാണ് തീയ്ക്കുള്ളിൽ അകപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. പാറുക്കുട്ടിയാണ് പരേതന്റെ ഭാര്യ. മണികണ്ഠൻ, രജിത എന്നിവർ മക്കളും സുബ്രഹ്മണ്യൻ (പരിയാപുരം ചേരി) മരുമകനുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL