
തിരൂരങ്ങാടി: ചെറുമുക്കിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് പതിനാലുകാരൻ മരിച്ചു. ചെറുമുക്ക് പടിഞ്ഞാറെ തല സ്വദേശി എറപറമ്പൻ ശിഹാബുദ്ദീന്റെ മകൻ ജുനൈദ് ആണ് മരിച്ചത്. തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. വീടിന് സമീപത്തെ വയലിൽ മീൻ പിടിക്കാൻ പോയപ്പോഴായിരുന്നു അപകടം. സ്റ്റേ കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റ ജുനൈദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെയും വയലുകളിലെയും വൈദ്യുതി ലൈനുകളിലും സ്റ്റേ കമ്പികളിലും കെ.എസ്.ഇ.ബി അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അപകടസാധ്യതയുള്ള ഇടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തി വൈദ്യുതി ചോർച്ച തടയുന്നതിന് അധികൃതർ ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
