
തിരൂർ: പട്ടാമ്പി സ്വദേശിനിയായ യുവതിയുടെ ആൺസുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെ ക്വട്ടേഷൻ ഏൽപ്പിച്ച് തട്ടിക്കൊണ്ടുപോകുകയും, മൊബൈൽ ഫോൺ കവർച്ച ചെയ്ത് ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കാമുകിയായ യുവതിയും കൂട്ടാളികളും ഉൾപ്പെടെ അഞ്ച് പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.പട്ടാമ്പി സ്വദേശിനിയായ പനങ്ങാട്ട് തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര സ്വദേശിനികളായ പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ സ്വദേശികളായ കുട്ടിയസന്റെ പുരക്കൽ ഇർഷാദ് (28), ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ തിരൂർ താഴെപ്പാലത്ത് വെച്ച് തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ പെൺസുഹൃത്തിനെ അന്വേഷിച്ച് തിരൂരിൽ എത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ, സുഹൃത്തിന്റെ അടുത്ത് എത്തിക്കാമെന്നു പറഞ്ഞ് പ്രതികൾ ബൈക്കിൽ കൂട്ടിക്കൊണ്ടുപോവുകയും, തുടർന്ന് ഒളിത്താവളത്തിലെത്തിച്ച് കാറിൽ കയറ്റി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. താഴെപ്പാലം പുഴയോരത്ത് വെച്ച് യുവാവിനെ റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. യുവാവ് ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പിടിയിലായ ഇർഷാദ്, അസറുദ്ദീൻ എന്നിവർ മയക്കുമരുന്ന് കടത്ത് കേസിൽ ഉൾപ്പെട്ട് മുൻപ് റിമാൻഡിലായിരുന്നവരാണ്. ഇരുവരും തീരദേശ മേഖലയിലെ വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന് പുറമെ എസ്.ഐ.മാരായ അനുഷ ഗോപിനാഥ്, മിഥുൻ, നസീർ, എ.എസ്.ഐ. രജീഷ്, സി.പി.ഒ.മാരായ ഉണ്ണിക്കുട്ടൻ, ആശിഷ് സ്റ്റീഫൻ, സൈജു, അനന്ദു, ആദർശ്, ദിൽജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
