Thursday, October 22News That Matters
Shadow

ഉപജില്ലാ ശാസ്ത്ര-കായിക മേളകളിൽ നേട്ടം; ചേറൂർ PPTMYHSS ന് വേങ്ങരയിൽ ആവേശോജ്ജ്വല സ്വീകരണം

വേങ്ങര: ഉപജില്ലാ ശാസ്ത്ര–കായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് വേങ്ങരയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന്റെയും യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് മധുരം നൽകി വിജയാഘോഷം സംഘടിപ്പിച്ചത്.

മേളകളിൽ നേടിയ ട്രോഫികളും സമ്മാനങ്ങളുമായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്ത ആഹ്ലാദപ്രകടനം ടൗണിനെ ആഘോഷത്തിമർപ്പിലാക്കി. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ നിർവഹിച്ചു. കെ.വി.വി.ഇ.എസ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ എം.കെ. സൈനുദ്ദീൻ ഹാജി, യൂണിറ്റ് ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, യൂണിറ്റ് സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് വിങ് ജനറൽ സെക്രട്ടറി ജബ്ബാർ അരീക്കാടൻ, സെക്രട്ടറി സഹൽ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. വ്യാപാരി സമൂഹം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL