Thursday, October 22News That Matters
Shadow

അമ്മയ്ക്കൊപ്പം നിന്ന രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ചു

മാവേലിക്കര: മാവേലിക്കരയിൽ അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിന് സമീപം നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. പരിക്കേറ്റ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതാണ് മരിച്ചത്. കുട്ടിയുടെ അമ്മ അഖില (31) യ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച വൈകീട്ട് 6.45-ന് ളാഹ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഖില കുട്ടിയെയുമെടുത്ത് ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ റെയിൽവേ ട്രാക്കിന് നടുവിൽ നിൽക്കുകയായിരുന്നുവെന്നും, ട്രെയിൻ അടുത്തെത്തിയപ്പോൾ മാറിനിൽക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആർ.പി.എഫ് വ്യക്തമാക്കി. പരിക്കേറ്റ അഖില നിലവിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇവരുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അക്ഷിതിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ദമ്പതികളുടെ മൂത്ത മകൾ അമയ (3) കഴിഞ്ഞ വർഷം വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL