
മലപ്പുറം കേന്ദ്രീകരിച്ച് നടന്ന വൻ എംഡിഎംഎ കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി സൂര്യ (23), മലപ്പുറം സ്വദേശിയായ ആൺസുഹൃത്ത് അജ്മൽ എന്നിവർ അറസ്റ്റിൽ. നോയിഡയിലെ ഫ്ലാറ്റിൽ നിന്നാണ് പന്തീരാങ്കാവ് പോലീസ് ഇവരെ പിടികൂടിയത്. നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലെത്തിയ സൂര്യ, വീട്ടുകാരെ അറിയിക്കാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അജ്മലിനൊപ്പം നോയിഡയിലേക്ക് കടക്കുകയായിരുന്നു.സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പനയുടെ മറവിൽ നോയിഡയിലെ ഫ്ലാറ്റിൽ നിന്ന് ആഴ്ചതോറും പത്ത് കിലോയോളം എംഡിഎംഎ കേരളത്തിലേക്ക് ഇവർ കടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സൂര്യയുടെ പേരിലുള്ള ഈ ഫ്ലാറ്റിൽ നിന്ന് ലഹരി നിർമ്മാണത്തിനും പാക്കിംഗിനുമുള്ള ഉപകരണങ്ങളും നിരവധി എടിഎം കാർഡുകളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ നാല് മാസത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകളാണ് നടന്നത്.കഴിഞ്ഞ മേയ് മാസം കോഴിക്കോട് പന്തീരാങ്കാവിൽ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതാണ് അന്വേഷണം സൂര്യയിലേക്കും അജ്മലിലേക്കും എത്തിച്ചത്. അടുത്തിടെ മലപ്പുറത്ത് 13 കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ പ്രധാന ആസൂത്രകനും അജ്മലാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും, അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.
