
മൊറയൂരിൽ വാക്കുതർക്കത്തിനിടെ അനുജന്റെ കുത്തേറ്റ ജ്യേഷ്ഠൻ ആശുപത്രിയിൽ വെച്ച് മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ പട്ടർതൊടുവിൽ ചെറിയ അസ്സുവിന്റെ മകൻ മുഹമ്മദ് റഫീഖ് ചിറങ്ങാടൻ (55) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.കൊണ്ടോട്ടി ഭാഗത്ത് താമസിക്കുന്ന റഫീഖ് ഇന്ന് രാവിലെ മാതാവിനെ കാണാനായാണ് ഒഴുകൂരിലെ കുടുംബവീട്ടിൽ എത്തിയത്. ഇവിടെ വെച്ചുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ സാജിദ് റഫീഖിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് സഹോദരൻ സാജിദും ഉമ്മയും ചേർന്നാണ് റഫീഖിനെ ആശുപത്രിയിലെത്തിച്ചത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നില വഷളായതിനെ തുടർന്ന് ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
