തിരൂരങ്ങാടി: വാൽപ്പാറ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അടിയന്തരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (NFPR) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്മാട് ചേർന്ന താലൂക്ക് കമ്മിറ്റി യോഗം വാൽപ്പാറ അപകടത്തിൽ മരിച്ചവർക്കും തൃശൂർ വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കും അനുശോചനം രേഖപ്പെടുത്തി. താലൂക്ക് പ്രസിഡന്റ് എം.സി. അറഫാത്ത് പാറപ്പുറം അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. പാങ്ങ് സ്കൂളിലെ അധ്യാപകരടക്കം 10 പേരുടെ ജീവൻ നഷ്ടപ്പെട്ട വാൽപ്പാറ ദുരന്തം നാടിനെയാകെ ഉലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചടങ്ങിൽ നസ്റുദ്ദീൻ തങ്ങൾ കൊട്ടന്തല, നിയാസ് അഞ്ചപ്പുര, സുലൈഖ സലാം എന്നിവർ സംസാരിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സ്വാഗതവും സെക്രട്ടറി സമീറ ഉമ്മർ കൊളപ്പുറം നന്ദിയും പറഞ്ഞു.

