വേങ്ങര: വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. വലിയോറ ഈസ്റ്റ് എ.എം.യു.പി (AMUP) സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാൻ (12) ആണ് അപകടത്തിൽപ്പെട്ടത്. വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുൻപിൽ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. ഓട്ടോയിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുകയായിരുന്ന റിസ്വാനെ എതിർദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മകൻ മോയൻ ഇസ്മായീലിന്റെ മകനാണ് മരണപ്പെട്ട റിസ്വാൻ. അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശികളായ കുടുംബം ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിലാണ് താമസിക്കുന്നത്. റിസ്വാന്റെ വിയോഗം വലിയോറ ഗ്രാമത്തെയും സ്കൂളിനെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

