Thursday, September 18News That Matters
Shadow

യുവതി പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എറണാകുളം പെരുമ്ബാവൂർ സ്വദേശിയായ അസ്മയെന്ന യുവതി മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുപ്പത്തിയഞ്ചു വയസുകാരിയായ അസ്മയാണ് അക്യുപഞ്ചർ ചികിസ്തയ്ക്കിടെ മരിച്ചത്. പ്രസവ ശേഷം ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കാൻ വൈകിയതാണ് മരണ കാരണമെന്ന വീട്ടുകാരുടെ പരാതി ശരിവയ്ക്കും വിധമുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയിലായിരുന്നു. പിന്നീടാണ് അസ്മയും ഭർത്താവ് സിറാജുദ്ദീനും അക്യുപഞ്ചർ ചികിത്സാ രീതി പഠിച്ചത്. തുടർന്നുള്ള 3 പ്രസവങ്ങളും വീട്ടില്‍ തന്നെയായിരുന്നു. ഒന്നരവർഷം മുൻപാണ് സിറാജുദ്ദീനും അസ്മയും മലപ്പുറം ചട്ടിപ്പറമ്ബിലെ വാടക വീട്ടില്‍ താമസമാക്കുന്നത്. സിദ്ധ വൈദ്യവും മന്ത്ര വാദ ചികിത്സയും ചെയ്തിരുന്ന ആളായിരുന്നു സിറാജുദ്ദീൻ. ‘മടവൂർ കാഫില’ എന്ന യൂട്യൂബ് ചാനലിലൂടെ മന്ത്രവാദ ചികിത്സയും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്ന വീഡിയോകളും ഇയാള്‍ ചെയ്തിരുന്നു. നാട്ടുകാരുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇവർ പുലർത്തിയിരുന്നില്ല. ഇവർക്ക് നാല് മക്കളുള്ളതായി പോലും അറിഞ്ഞിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആശാവർക്കർമാരോട് ഗർഭിണിയല്ല എന്നും അസ്മ പറഞ്ഞിരുന്നതായും വിവരമുണ്ട്.ഇന്നലെ 6 മണിയോടെയാണ് അസ്മ പ്രസവിച്ചത്. ഒപ്പം ഭർത്താവ് മാത്രമാണ് ഉണ്ടായിരുന്നത്. 9 മണിയോടെ അസ്മ മരിച്ചു. നവജാത ശിശുവിനേയും മറ്റ് മക്കളേയും കൂട്ടി ആംബുലൻസില്‍ സിറാജുദ്ദീൻ പെരുമ്ബാവൂരിലേക്ക് തിരിച്ചു. ആംബുലൻസ് ഡ്രൈവർ കാര്യമന്വേഷിച്ചപ്പോള്‍ ഭാര്യക്ക് ശ്വാസം മുട്ടലെന്ന് പറഞ്ഞ് മരണം മറച്ചു വച്ചു. രാത്രി 12 മണിക്കാണ് അസ്മ മരിച്ചുവെന്ന് വീട്ടുകാരെ വിളിച്ചറിയിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം പെരുമ്ബാവൂർ താലൂക്ക് ആശുപ്തതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടക്കുക. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. അതേസമയം അസ്മയുടെ കുഞ്ഞ് പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.

വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL