
ഒതുക്കുങ്ങൽ: മദ്യലഹരിയിലോടിച്ച കാർ സ്കൂട്ടറിലിടിച്ച് അധ്യാപകൻ ദാരുണമായി മരണപ്പെട്ടു. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹബീബിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്കൂട്ടറിൽ സഞ്ചരിക്കവെ, മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവർ ഇവർ സഞ്ചരിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. രാത്രി പന്ത്രണ്ടോടെയാണ് മരണം സംഭവിച്ചത്. സ്വകാര്യ സ്കൂളിൽ താൽക്കാലിക അധ്യാപകനായിരുന്നു പരേതൻ. സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവർ മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി (36)-യെ വേങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം 3 മണിക്ക് കുഴിപ്പുറം മുണ്ടോത്ത് പറമ്പ് സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം 4.30 ന് കുഴിപ്പുറം പടിഞ്ഞാറെ പള്ളിയിൽ കബറടക്കും
