
വേങ്ങര: മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ അടുത്ത ബന്ധു പിടിയിൽ. ആശാരിപ്പടി സ്വദേശിയും നിലവിൽ കോഴിച്ചെനയിൽ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ചീരക്കുഴിയിൽ ശ്രീരാഗിനെ (36) ആണ് വേങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. പറപ്പൂർ ഇല്ലിപ്പുലാക്കൽ ലക്ഷം വീട് നഗറിലെ ചീരക്കുഴിയിൽ വിലാസിനിയാണ് (61) മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. വിലാസിനിയുടെ മകൻ വീട്ടിലില്ലാതിരുന്ന സമയം നോക്കി അടുക്കള വാതിൽ തകർത്ത് അകത്തുകയറിയ പ്രതി വിലാസിനിയെ ആക്രമിക്കുകയായിരുന്നു. വധശ്രമത്തിനിടെ രണ്ടര പവന്റെ മാല ഇയാൾ പൊട്ടിച്ചെടുത്തു. വിലാസിനിയുടെ കഴുത്തിൽ പുതപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചെങ്കിലും വീട്ടമ്മ പ്രതിയുടെ വിരലിൽ ആഞ്ഞു കടിച്ചതോടെ പിടി അയയുകയായിരുന്നു. പ്രതിയുടെ വിരലിലെ കടിയേറ്റ പാടാണ് കേസിൽ വഴിത്തിരിവായത്. പരിക്കിനെക്കുറിച്ച് സഹോദരി ചോദിച്ചതോടെയാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. തുടർന്ന് സഹോദരി തന്നെ ഇയാളെ സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വിലാസിനിയുടെ ഭർത്താവിന്റെ സഹോദര പുത്രനാണ് പിടിയിലായ ശ്രീരാഗ്. വേങ്ങര പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
MTN News –
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
