വേങ്ങര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായി അഞ്ചുവർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ‘പറച്ചിലും കേൾക്കലും’ എന്ന പേരിൽ വയോജന “സ്പേസ്” പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ 24 വാർഡുകളിലായി ഫെബ്രുവരി 1 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന വിപുലമായ ക്യാമ്പയിനാണിത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ വയോജനങ്ങളെയും നേരിൽ കണ്ട് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും കേൾക്കുകയും, വികസന പദ്ധതികളിൽ അവരെ നേരിട്ട് പങ്കാളികളാക്കുകയുമാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. വേങ്ങര സായംപ്രഭാ ഹോം ആണ് ഈ പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം എ.കെ., വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാദിഖ് കോടിയാട്ടിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ലക്ഷ്മി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സമിത കുമാരി വി.സി., സായംപ്രഭാ ഹോം ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ. എന്നിവരും വിവിധ വാർഡ് മെമ്പർമാരും ചടങ്ങിൽ സംബന്ധിച്ചു. വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള കേരളത്തിലെ തന്നെ ശ്രദ്ധേയമായ ഒരു വികസന മാതൃകയായാണ് ഈ മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്.

