വേങ്ങര: ബാലസംഘം ഇരിങ്ങല്ലൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.എം.എൽ.പി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷവും വില്ലേജ് കാർണിവലും വിപുലമായ പരിപാടികളോടെ നടന്നു. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം അനിരുധ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വില്ലേജ് പ്രസിഡന്റ് സൂരജ് ടി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളെല്ലാവരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടത് ആഘോഷങ്ങൾക്ക് മിഴിവേകി. പുതുവത്സരത്തോടനുബന്ധിച്ച് കുട്ടികൾ സ്വയം തയ്യാറാക്കിയ ആശംസ കാർഡുകൾ കൈമാറുന്ന ‘പുതുവത്സര ഫ്രണ്ട്’ പരിപാടിയും വിവിധങ്ങളായ കലാപരിപാടികളും കാർണിവലിന്റെ ഭാഗമായി അരങ്ങേറി. സി.പി.ഐ.എം ഇരിങ്ങല്ലൂർ ലോക്കൽ സെക്രട്ടറി മനോജ് ഇ.എൻ, ബാലസംഘം വില്ലേജ് കൺവീനർ നാദിർഷ എ.കെ, കോർഡിനേറ്റർ ഹരിദാസൻ എ എം, പവിത്രൻ കെ.എം, എ.പി ഹമീദ്, സതീശൻ കെ, സുരേഷ് പി.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ബാലസംഘം വില്ലേജ് സെക്രട്ടറി മിഷ ഫാത്തിമ എ.പി സ്വാഗതവും ആർദ്ര ഹിരോഷ് നന്ദിയും രേഖപ്പെടുത്തി. വില്ലേജിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടി ഏറെ ശ്രദ്ധേയമായി.

