വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ചരിത്രപ്രാധാന്യമുള്ള കാട്ടിക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു പ്രദേശത്തിന്റെയാകെ അടയാളമായി അറിയപ്പെടുന്ന കാട്ടിക്കുളം ഒരു കാലത്തു ഇവിടുത്തുകാരുടെ പ്രധാന ജലസ്രോതസ്സായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് ഈ ജലസംഭരണി നാശത്തിന്റെ വക്കിലാണ്. മുമ്പ് ഈ കുളത്തിൽ നിന്നു പഞ്ചായത്ത് വെള്ളം പമ്പ് ചെയ്തു മറ്റു സ്ഥലങ്ങളിൽ വിതരണം നടത്തിയിരുന്നു എന്നതിന്റെ തെളിവായി പഴയ പമ്പ് ഹൗസ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. കുളങ്ങളും തോടുകളും അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലത്ത്, ഇത്തരമൊരു ജലസ്രോതസ്സ് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ പഞ്ചായത്ത് മെമ്പറും ഭരണസമിതിയും കാട്ടിക്കുളത്തിന് അർഹമായ പരിഗണന നൽകി, നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശം നിവാസികൾ.

