വേങ്ങര: പതിനഞ്ചാം വാർഡ് മിനിബസാർ മേഖലയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി അഞ്ചുകണ്ടൻ അബ്ദുല്ലയുടെ വസതിയിൽ നടന്ന കൺവെൻഷനിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് 30 വർഷത്തിലധികമായി സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ കൈപ്രൻ ഉമ്മറാണ്. ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണ രംഗത്ത് യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തിയതായി വിലയിരുത്തപ്പെടുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കൻ സമദും, സ്വതന്ത്ര സ്ഥാനാർത്ഥി പറങ്ങോടത്ത് മൻസൂറുമാണ് എതിരാളികൾ. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മൻസൂറിനെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയിരുന്നു. അരീക്കപ്പള്ളിയാളിയിലെ ക്ലബ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സ്വതന്ത്രൻ രംഗത്തെത്തിയതെന്ന വിമർശനം വാർഡിൽ ശക്തമാണ്.എൽ.ഡി.എഫ് വോട്ടുകളിൽ ഒരു ഭാഗം സ്വതന്ത്ര സ്ഥാനാർത്ഥിക്ക് മറിഞ്ഞേക്കുമെന്നും, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ധാരണ പ്രകാരമാണ് ഈ നീക്കമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം പരാജയഭീതി മൂലം സ്വതന്ത്രൻ പിന്മാറുമെന്ന പ്രചാരണവും വാർഡിൽ നടക്കുന്നുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുൻ ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസിന്റെ വസതിയിൽ യു.ഡി.എഫ് കുടുംബ സംഗമം നടക്കും. ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ഉമ്മർ കൈപ്രൻ, ബ്ലോക്ക് സ്ഥാനാർത്ഥി ഷഹർബാൻ എ.കെ നാസർ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി പി.കെ അസ്‌ലു എന്നിവർ പങ്കെടുക്കുന്ന മെഗാ റോഡ് ഷോയും നടക്കും.

