കേരളത്തില്‍ ശക്തമായ കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് അടിയന്തിര യോഗം ചേർന്നു. പ്രസ്തുത മീറ്റിംഗില്‍ പഞ്ചായത്തിലെ നിലവിലെ അവസ്ഥ അവലോകനം ചെയ്തതില്‍ കാലാവസ്ഥാ വ്യതിയാനം മുഖേന ഏതെങ്കിലും വിധത്തില്‍ ഈ പഞ്ചായത്തില്‍ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ഊരകം മലയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരിക്കുമെന്ന് യോഗം വിലയിരുത്തി.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി കിടക്കുന്നതുമായ ഊരകം മല ജൈവ വിവിധ്യങ്ങളുടെ കലവറ കൂടിയാണ്. കരിങ്കല്‍ പാറയും മണ്ണും വലിയ ഉരുളന്‍ കല്ലുകളും ഇടകലര്‍ന്ന രീതിയിലാണ് ഈ മലയുടെ ഘടന. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഊരകം മലയില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം ആധുനിക രീതിയിലുള്ള മെഷിനറികള്‍ ഉപയോഗിച്ച് വളരെ പെട്ടൊന്ന് തന്നെ കരിങ്കല്ല് പാറകള്‍ പൊട്ടിച്ചെടുക്കുന്ന രീതിയിലാണ്. ആയത് കൊണ്ട് ഈ മലയിലെ കരിങ്കല്ല് പാറകളും കുന്നുകളും ഈ രീതിയില്‍ പൊട്ടിക്കുകയാണെങ്കില്‍ അവിടെ മണ്ണും ഉരുളന്‍ കല്ലുകളും മാത്രം അവശേഷിക്കും. കിലോമീറ്ററുകളോളം വിസ്തൃതിയില്‍ ഇങ്ങനെ നിരന്ന് കിടക്കുന്ന മണ്ണില്‍ ശക്തമായ മഴ പെയ്താന്‍ അതുമൂലം ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും അതിന്‍റെ ഭീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതും നിലവില്‍ വയനാട്ടിലെ ചൂരല്‍മലയില്‍ സംഭവിച്ച ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേക്കാള്‍ ഭയാനകരവുമായിരിക്കും.
കണ്ണമംഗലം ഗ്രാമപഞ്ചായത്തിനെ മാത്രമല്ല സമീപ പഞ്ചായത്തുകളെയും സാരമായി ബാധിക്കും.മറ്റു വകുപ്പുകളില്‍ നിന്ന് ലഭ്യമാക്കേണ്ട രേഖകളുമായി പഞ്ചായത്തില്‍ അപേക്ഷിച്ചാല്‍ ലൈസന്‍സ് നല്‍കുകയല്ലാതെ പഞ്ചായത്തിന് നിലവില്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്. ആയതിനാല്‍ ഇത്തരത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്നുള്ള അനുമതികള്‍ നല്‍കുന്നതിന് മുമ്പ് പഞ്ചായത്തിനെയും പരിസരവാസികളെയും കൂടി കേള്‍ക്കുന്നതിന് വേണ്ട സാഹചര്യമൊരുക്കേണ്ടതാണ്. ഈ പഞ്ചായത്തിന്‍റെ പ്രത്യേക ഭൂപ്രകൃതി അനുസരിച്ച് കരിങ്കല്ല് ക്വാറികള്‍ക്കും ക്രഷറുകളുടെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന തരത്തിലാണ്. എന്നാല്‍ ഉയര്‍ന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം ക്വാറികള്‍ക്ക് താഴെ ഈ പഞ്ചായത്തില്‍ വന്‍തോതില്‍ വീടുകളും ജനവാസവുമുണ്ട്. ഇത്തരത്തില്‍ സാമാന്യം ഉയര്‍ന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഈ ക്വാറികള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും, പഞ്ചായത്തിന്‍റെ ജൈവവൈവിധ്യങ്ങള്‍ക്കും വന്‍ ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് ഇന്നത്തെ മീറ്റിംഗ് വിലയിരുത്തി.
ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പഞ്ചായത്തിന്‍റെ ജലസ്രോതസ്സായ ചേറൂര്‍ തോട്ടിലേക്ക് സ്ളറിയും മണ്ണും ഒഴുക്കി വിടാറുമുണ്ട്. ഇത് മൂലം തോടിന്‍റെ സ്വാഭാവിക ആഴം കുറഞ്ഞത് വളരെ ചെറിയ മഴ പെയ്യുമ്പോള്‍ തന്നെ തോട് കരകവിയാനും അതുമൂലം കൃഷി നാശവും മറ്റും സംഭവിക്കാനും കാരണമാകുന്നുണ്ട്. മാത്രമല്ല മഴയില്ലാത്തപ്പോള്‍ പോലും തോട് മലിനമായി ഒഴുകുന്നത് മൂലം പൊതുജനങ്ങള്‍ക്ക് തോട് പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വരികയും തോടിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തിട്ടുണ്ട്.ആയത് കൊണ്ട് ഇത്തരത്തില്‍ കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിന് എന്‍.ഒ.സിയോ അനുമതിയോ നല്‍കുമ്പോള്‍ ബന്ധപ്പെട്ട നിബന്ധനകള്‍ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷം മാത്രമേ നടപടി സ്വീകരിക്കാവൂ എന്നും പ്രവര്‍ത്തിച്ച് വരുന്നത് ബന്ധപ്പെട്ട നിബന്ധനകള്‍ പാലിച്ച് കൊണ്ടാണോ എന്നും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് (മൈനിംഗ് ആന്‍റ് ജിയോളജി, ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ്, ഫയര്‍ ആന്‍റ് റെസ്ക്യൂ, മലിനീകരണ നിന്ത്രണ ബോര്‍ഡ്, സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റ് അസെസ്സ്മെന്‍റ് അതോറിറ്റി, ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്) നിര്‍ദ്ദേശം നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പഞ്ചായത്തുകളുടെ ലിസ്റ്റില്‍ ഈ പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തി ഉരുള്‍പ്പൊട്ടല്‍ സാധ്യതാ പഠനങ്ങളുള്‍പ്പെടെ നടത്തുന്നതിന് വേണ്ട അടിയന്തിര പരിഗണന നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
ഇവിടെ ഏറ്റവും വലിയ ക്വാറി നിങ്ങളുടെ നേതാവ് കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ ആണ്. കൂടാതെ വേറെ ചില നേതാക്കളുടെയും. ഈ പ്രമേയം സ്വാധീനമുള്ളവർക്ക് മാത്രം ലൈസൻസ് നൽകാൻ ഉള്ള വിദ്യയാണ്. അപ്പൊൾ നേതാക്കൾ രക്ഷപ്പെടും. അതാണ് ലക്ഷ്യം. മറിച്ചാണ് എങ്കിൽ ക്വാറി പ്രവർത്തനം പൂർണ്ണമായി നിരോധിക്കണം. എങ്കിലേ രക്ഷ കിട്ടൂ. കോക്രീറ്റിന് പകരം ബദല് മാർഗം കാണണം. ഇപ്പൊൾ മരം ഉപയോഗിക്കുന്നത് കുറഞ്ഞില്ലേ? അതുപോലെ ബദല് വരട്ടെ