Thursday, September 18News That Matters
Shadow

കരാറുകാരൻ്റെ അനാസ്ഥ; കുടിവെള്ളം മുട്ടിച്ച് ജലജീവൻ

പറപ്പൂർ: ജലനിധി ഇരിങ്ങല്ലൂർ എസ്. എൽ ഇ സി ക്ക് കീഴിൽ നടക്കുന്ന ജലജീവൻ മിഷൻ പ്രവർത്തികൾ കരാറുകാരൻ്റെ അനാസ്ഥ മൂലം സ്തംഭിച്ചതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായി. കോൺട്രാക്ടർമാർ സർക്കാരിനെതിരെ നടത്തുന്ന സമരത്തിന് പുറമെ കുടിശ്ശിക ലഭിക്കാനുണ്ടെന്നാരോപിച്ച് കരാറുകാരൻ പാതി വഴിയിൽ പ്രവർത്തി നിർത്തിപ്പോയ തോടെ നിലവിലുള്ള കുടി വെള്ളവും മുടങ്ങിയ അവസ്ഥയായി. 5.20 കോടിയുടെ പദ്ധതി 3.68 കോടിക്കാണ് കരാറുകാരൻ ഏറ്റെടുത്തിട്ടുള്ളത്.ജലജീവൻ മിഷൻ പ്രകാരമുള്ള പ്രവർത്തി നടന്നു കൊണ്ടിരിക്കെ, കരാറുകാരൻ നിലവിൽ സമിതി കുടിവെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പൈപ്പുകൾ മുഴുവൻ തകർത്തു കൊണ്ടാണ് പുതിയ പൈപ്പുകൾ ഇട്ടിരിക്കുന്നതെന്ന് എസ്.എൽ. ഇ സി കമ്മറ്റിക്കാർ പറയുന്നു. നിലവിലെ പൈപ്പുകൾ പൊട്ടിയത് കാരണം സമിതിയുടെ ഭാഗമായ എടയാട്ടുപറമ്പ്, ചേക്കാലിമാട് ഉൾപ്പെട്ട പ്രദേശങ്ങളിൽ 130 ഓളം കുടുംബങ്ങൾക്ക് ഇപ്പോഴും ജല വിതരണം പുനസ്ഥാപിക്കാൻ സമിതിക്ക് കഴിഞ്ഞിട്ടില്ല.
തകരാറിലാക്കിയ പൈപ്പുകൾ ശരിയാക്കിത്തരണം എന്ന് കരാറുകാരനോട് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്.എൽ. ഇ സികമ്മറ്റി പറയുന്നു. കരാറുകാരൻ വിസമ്മതം പ്രകടിപ്പിച്ചതോടെ സമിതി വെള്ളക്കരമായി പിരിച്ച തുക എടുത്താണ് 100 വീടുകൾക്കുള്ള പൈപ്പ് ലൈനുകൾ മാറ്റിയത്. ഈയിനത്തിൽ തന്നെ 60,000 രൂപയിൽ കൂടുതൽ സമിതിക്ക് ചിലവ് വന്നത് കാരണം ജലനിധി കമ്മറ്റിയുടെ ദൈനംദിന കാര്യങ്ങൾ അവതാളത്തിലായി. വെള്ളം കിട്ടാത്തതിനാൽ 130 ഓളം വരുന്ന ഉപഭോക്താക്കൾ മിനിമം ചാർജ് പോലും അടക്കാൻ തയ്യാറാവാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. 30 ഓളം വീടുകളിലേക്കുള്ള വെള്ളം ഇനിയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കരാറുകാരൻ പണി പൂർത്തിയാക്കാതെ പോയത് കാരണം പൊടി ശല്യവും റോഡിലെ ഇന്റർലോക്ക് ഇളക്കി വെച്ചത് കാരണം ഉണ്ടാകുന്ന അപകടങ്ങളിലും പതിവാണ്. രോഷാകുലരായ ജനങ്ങൾ സമിതി ഓഫിസിലേക്ക് വന്നു പ്രതിഷേധങ്ങളും മറ്റും നടത്തുന്ന അവസ്ഥയാണ്.
വെള്ളം കിട്ടാത്തവരും നിരന്തരം ഓഫിസിൽ വന്നു വൈകാരികമായി പ്രതികരിക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടാകുന്നതായി ഭാരവാഹികൾ പറയുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.സലീമ ടീച്ചറുടെ നേതൃത്വത്തിൽ ജലനിധി ഭാരവാഹികൾ ജില്ലാ റീജനൽ പ്രൊജക്ട് ഡയറക്ടർക്ക് നിവേദനം നൽകി. കമ്മറ്റി ഭാരവാഹികളായ വാർഡ് മെമ്പർ ഇ കെ സൈദുബിൻ, വിഎസ് ബഷീർ മാസ്റ്റർ, ഇ കെ സുബൈർ മാസ്റ്റർ എന്നിവരും സംബന്ധിച്ചു. അതേ സമയം കരാറുകാരന് പ്രവർത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ കത്ത് നൽകിയതായും പ്രവർത്തി അടിയന്തരമായി പുനസ്ഥാപിച്ചില്ലെങ്കിൽ ടെർമിനേറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും കമ്മറ്റിക്ക് ജില്ല ഓഫീസ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL