തേഞ്ഞിപ്പലം: ദേശീയപാതയിലെ കോഹിനൂരിൽ ആറുവരിപ്പാതയ്ക്ക് മുകളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ സംഘടനയായ കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) രംഗത്ത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) കേരള സി.ഇ.ഒ എ.കെ. ജാൻബാസിന് സംഘടനയുടെ ഭാരവാഹികൾ തിരുവനന്തപുരത്തെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. കാലിക്കറ്റ് സർവ്വകലാശാല, വിവിധ സ്കൂളുകൾ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി അൻപതിനായിരത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ആശ്രയിക്കുന്ന കോഹിനൂരിൽ യാത്രാസൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഭാരവാഹികൾ സി.ഇ.ഒയെ അറിയിച്ചു. കോഹിനൂരിലെ ജനങ്ങളുടെ പരാതി കേൾക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, പണി പൂർത്തിയായെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അതോറിറ്റി മുന്നോട്ട് പോയതെന്ന് സംഘടന ആരോപിച്ചു. നിലവിലെ ദേശീയപാത, ആരാധനാലയങ്ങൾ, സർവ്വകലാശാല എന്നിവയുടെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ മാപ്പും നിർദ്ദിഷ്ട മേൽപ്പാലത്തിന്റെ രൂപരേഖയും കെ.ഡി.എഫ് പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് സി.ഇ.ഒയ്ക്ക് വിശദീകരിച്ചു നൽകി. പാണമ്പ്ര ഭാഗത്തുനിന്നും വരുമ്പോൾ സർവ്വകലാശാലയിലേക്കും എയർപോർട്ട് റോഡിലേക്കും സുഗമമായി പ്രവേശിക്കാൻ സാധിക്കുന്ന രീതിയിലുള്ള നിർദ്ദേശങ്ങളാണ് സമർപ്പിച്ചത്. കോഴിക്കോട് മുതൽ കൂരിയാട് വരെയുള്ള സർവീസ് റോഡുകളിലെ അപാകതകൾ, കൈവരി പാതകളുടെ നിർമ്മാണത്തിലെ പിഴവുകൾ, ഓട്ടോ-ടാക്സി പാർക്കിംഗ് സൗകര്യത്തിന്റെ കുറവ്, ദിശാബോർഡുകളിലെ അക്ഷരത്തെറ്റുകൾ എന്നിവയും ചിത്രങ്ങൾ സഹിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സൗകര്യമില്ലാത്തത് വലിയ അപകടഭീഷണിയാണെന്നും രണ്ടു മണിക്കൂർ നീണ്ട ചർച്ചയിൽ ഭാരവാഹികൾ ബോധിപ്പിച്ചു. കെ.ഡി.എഫ് പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുറഹീം പൂക്കത്ത്, ഷൈനി പട്ടാളത്തിൽ, പി.പി. സുബൈർ ആനങ്ങാടി, പി.എം. ഷുക്കൂർ, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

