
ചെമ്മാട് ഉള്ളി ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ സ്ഫോടകവസ്തു ശേഖരം പോലീസ് പിടികൂടി. ജലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റനേറ്റർ വയറുകൾ എന്നിവയാണ് കണ്ടെടുത്തത്. ചെമ്മാടുള്ള ഒരു ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഉള്ളി ലോഡുമായി എത്തിയ ലോറിയിൽ ബോക്സുകളിലാക്കിയാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ഇന്നലെ രാത്രി ലോറിയിൽ നിന്ന് ഉള്ളി മാറ്റാനായി മറ്റൊരു ചെറിയ ലോറിയും കാറിലും ആളുകളെത്തിയിരുന്നു. ഈ സമയത്ത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഉള്ളി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഇവ ക്വാറികളിലെ ഉപയോഗത്തിനായി എത്തിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടകവസ്തുക്കൾ പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
