തിരൂരങ്ങാടിയിൽ പുതുതായി നിർമ്മിക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തിയിൽ വ്യാപകമായ അനാസ്ഥ നടക്കുന്നതായി പരാതി. ഫൗണ്ടേഷൻ നിർമ്മാണത്തിൽ സിമന്റിന്റെ അളവ് കുറവാണെന്നും പല ഭാഗങ്ങളിലും ഇതിനോടകം തന്നെ വിള്ളലുകൾ വീണിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുറഹിം പൂക്കത്ത്, പൊതുപ്രവർത്തകൻ പി.എൻ അബ്ദുൽ അസീസ് എന്നിവർ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി. സാധാരണക്കാരായ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം മരാമത്ത് പണികളിൽ കോൺട്രാക്ടർ കാണിക്കുന്ന അനാസ്ഥ വലിയ അപകടങ്ങൾക്കും സർക്കാരിന് വൻ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കുമെന്ന് പരാതിയിൽ ബോധിപ്പിച്ചു. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പണികൾ കൃത്യമായി വീക്ഷിക്കുന്നതിനും ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. പരാതി പരിഗണിച്ച് വിഷയം പരിശോധിക്കുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ ഇവർക്ക് ഉറപ്പ് നൽകി.

