Thursday, September 18News That Matters
Shadow

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ വിവരാവകാശ ശില്പശാല സംഘടിപ്പിച്ചു.

തിരൂരങ്ങാടി: ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം വിവരാവകാശ നിയമത്തിന്റെ ചിറകരിയാനും കൂട്ടിലടക്കാനും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടന്ന വിവരാവകാശ സെമിനാറും ക്ലബ് ഓഫ് ആർടിഐ ഓർഗനൈസേഷൻ , (കോറോ) എന്ന ആർ ടി ഐ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല ഉദ്യോഗസ്ഥർക്കും പ്രത്യേക അജണ്ടകൾ സംരക്ഷിക്കാനുണ്ടെന്ന് എല്ലാവർക്കും അറിയാം. ജനങ്ങൾ എത്ര കൂടുതൽ ജനാധിപത്യ സർക്കാറിനോട് അടുത്തു വരുന്നുവോ അതിലധികം അവരിൽ നിന്ന് അകലം പാലിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഈ നിയമത്തിൽ വിവരം പുറത്ത് നൽകേണ്ടതില്ല എന്ന് വിവരിക്കുന്ന വകുപ്പുകൾക്കാണ് ഇതിനകം ഏറെ പ്രചാരവും പ്രയോഗവും ലഭിച്ചിട്ടുള്ളത്. ആകെ 31 വകുപ്പുകളുള്ള ആർ ടി ഐ ആക്‌ടിൽ എട്ടാം വകുപ്പിൽ പറയുന്ന പത്തിനങ്ങളാണ് നൽ കേണ്ടതില്ലാത്തത്. ആ നിർദ്ദേശങ്ങൾ വളരെ ആവേശത്തോടെ നടപ്പാക്കാൻ ഉദ്യോഗസ്ഥരും ആ ഖണ്ഡികയുടെ വ്യാപ്ത്‌തി വലുതാക്കാൻ ചട്ടം നിർമ്മിക്കാൻ അനുമതിയുള്ള അധികാരികളും നിരന്തരം പരിശ്രമിക്കുന്നുണ്ട്. എന്നാൽ വിവരം നൽകാൻ പറയുന്ന മറ്റ് വകുപ്പുകളുടെ ഉത്തമ താത്പര്യം ഇവരിൽ ഏറെപ്പേരും സൗകര്യ പൂർവ്വം മറക്കുകയോ മറച്ചു പിടിക്കുകയോ ചെയ്യുകയാണ്. മാത്രമല്ല അത്തരം വകുപ്പുകളെ ദുർബലപ്പെടുത്താനും അസ്ഥിരപ്പെടുത്താൻപോലും പലപ്പോഴും ശ്രമങ്ങൾ നടക്കുകയാണ്.അപേക്ഷ നൽകിയാൽ വിവരം ലഭിക്കുമെന്നും ഇല്ലെങ്കിൽ ചോദിക്കാൻ ആളുണ്ടെന്നും വന്നതോടെ ജനങ്ങൾ കൂടുതലായി ഈ നിയമത്തെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എംഒ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. നിസാമുദ്ദീൻ കുന്നത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂരങ്ങാടി തഹസിൽദാർ സാദിഖ്, വിവരാവകാശ ഓർഗനൈസേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.നാരായണൻ, കെ.ടി അബ്ദു‌ൽ മനാഫ്, ട്രഷറർ ജോളി ജോസഫ്, അബ്‌ദുൽ റഹീം പൂക്കത്ത്, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി മാനേജ്മെന്റ് ക്വാളിറ്റി അഷ്വറൻസ് സെൽ സി.ഇ.ഒ ഡോ. കെ.അസീസ്, ലഹരി നിർമ്മാജന സമിതി സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഇ.കെ അബ്‌ദുൽ ലത്തീഫ് ,റാഫി പരുത്തിപ്പാറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL