Thursday, September 18News That Matters
Shadow

പത്മശ്രീ റാബിയയുടെ മരണത്തിൽ വെൽഫെയർ പാർട്ടി അനുശോചിച്ചു

മലപ്പുറം: ഒരു ഗ്രാമത്തിൽ നിന്ന് ഉയർന്നുവന്ന പെൺകുട്ടി തൻ്റെ നാടിനും പരിസരങ്ങൾക്കും നാട്ടുകാർക്കും ഒരു ആലംബമായിത്തീർന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി റാബിയയുടേതെന്ന് വെൽഫെയർപാർട്ടി ജില്ല ജനറൽ സെക്രട്ടറി മുനീബ് കാരകുന്ന് അനുശോചനകുറിപ്പിൽ അറിയിച്ചു.വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കർമ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ട്. കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചപ്പോഴും ബഹുമതികൾ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാർക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേണ്ടി ഒരു ജനപ്രതിനിധിയെ പോലെയാണ് അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതും രോഗം വന്ന് കിടപ്പിലാകുന്നത് വരെ അവർ ഓരോരോ സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നതും. വീടിൻ്റെ ഒരു ഭാഗം നാട്ടുകാർക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു. അവിടെയാണ് അവർ സാക്ഷരതാ ക്ലാസുകളും മറ്റു വൈജ്ഞാനിക പരിപാടികളും നടത്തിവന്നത്. അനന്യസാധാരണമായ തൻ്റെ വ്യക്തിത്വവും കർമ്മസമരവും കൊണ്ട് മലപ്പുറം ജില്ലയിൽ നിന്നും കേരളത്തിൽ നിന്നുപോലും വിശാലമായ ഒരു ലോകത്തേക്ക് ഉയർന്നു പരന്ന ശേഷമാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി റാബിയ വിടപറഞ്ഞിരിക്കുന്നത് എന്ന് ജില്ല കമ്മിറ്റി പുറത്തിറക്കിയ അനുശോചന കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തോടൊപ്പം സംസ്ഥാന കമ്മിറ്റി അംഗം ഇസി ആയിശ, ജില്ല സെക്രട്ടറി അഷ്റഫ് അലി കട്ടുപ്പാറ, ജില്ല കമ്മിറ്റി അംഗം സൈതലവി കാട്ടേരി, മണ്ഡലം പ്രസിഡണ്ട് സാബിർ കൊടിഞ്ഞി എന്നിവരും സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL