പരപ്പനങ്ങാടി: പരപ്പനങ്ങാടി – കോഴിക്കോട് റോഡിലെ അയ്യപ്പൻക്കാവിൽ ഡ്രൈനേജ് നിർമ്മാണത്തിനായി റോഡ് പൊളിച്ചിട്ടതിനെ തുടർന്നുണ്ടായ രൂക്ഷമായ പൊടിശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ രംഗത്ത്. പരപ്പനങ്ങാടി നഗരസഭയിലെ എൽ.ഡി.എഫ് – ജനകീയ വികസന മുന്നണി കൗൺസിലർമാർ ഇതുസംബന്ധിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർക്ക് പരാതി നൽകി. റോഡ് വെട്ടിപ്പൊളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ഗതാഗതയോഗ്യമാക്കാത്തത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന കടുത്ത പൊടി കാരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. എത്രയും വേഗം റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നും പൊടിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർമാരായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ, ഇ.ടി. സുബ്രമണ്യൻ, കെ. അബ്ദുൾ കരീം, ബിന്ദു ജയചന്ദ്രൻ, കെ.പി. സിന്ധുരാജ്, പി.പി. ഫസലുൽ ഫാരിസ, ബിജുഷ ടീച്ചർ എന്നിവർ ചേർന്നാണ് പരാതി സമർപ്പിച്ചത്.

