ലഖ്‌നൗ: പ്രായമുള്ള ആള്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ ജീവനക്കാര്‍ക്ക് ‘നില്‍പ്പുശിക്ഷ’ നല്‍കി സിഇഒ. ഉത്തര്‍പ്രദേശിലെ നോയിഡ അതോറിറ്റിയുടെ കീഴിലുള്ള റസിഡന്‍ഷ്യല്‍ പ്ലോട്ട് ഡിപ്പാര്‍ട്ടുമെന്റ് ഓഫീസിലാണ് സംഭവം. പതിനാറ് ജീവനക്കാര്‍ക്കായിരുന്നു 20 മിനിറ്റ് നേരം ഒരേ നില്‍പ് നില്‍ക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരു വനിതാ ജീവനക്കാരിയുടെ കൗണ്ടറിന് മുന്‍പില്‍ പ്രായമുള്ളയാള്‍ കാത്തുനില്‍ക്കുന്നത് സിഇഒയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യങ്ങളില്‍ പെട്ടെന്ന് നീക്കുപോക്കുണ്ടാക്കാന്‍ അദ്ദേഹം ജീവനക്കാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ 20 മിനിറ്റ് കഴിഞ്ഞിട്ടും പ്രായമായ വ്യക്തി അതേ നില്‍പ് നില്‍ക്കുന്നതാണ് സിഇഒ കണ്ടത്. ഇതോടെ ഓഫീസ് ജീവനക്കാരോട് 20 മിനിറ്റ് നില്‍ക്കാന്‍ സിഇഒ ആവശ്യപ്പെടുകയായിരുന്നു. സ്ഥലമിടപാട് സംബന്ധിച്ച് ദിവസേന ആയിരത്തോളം ആളുകള്‍ വന്നുപോകുന്നയിടമാണ് ഓഫീസിലെ സെക്ടര്‍ 6. ഇവിടെ ഉദ്യോഗസ്ഥര്‍ സ്ഥിരമായി നിരുത്തരവാദിത്തപരമായി പെരുമാറുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് താന്‍ ഇത്തരം ഒരു ശിക്ഷാ നടപടിയിലേക്ക് നീങ്ങിയതെന്ന് സിഇഒ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നോയിഡ അതോറിറ്റിയുടെ കീഴിലെ മിക്ക ഓഫീസുകളിലും സിസിടിവി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പേപ്പര്‍ ശരിയാക്കണം എന്ന ആവശ്യം മാത്രമാണ് ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്ക് എടുക്കുന്നത്. പലപ്പോഴും മുന്നിലുള്ളവരോട് മനുഷ്യത്വപരമായി പെരുമാറാന്‍ അവര്‍ മറക്കുകയാണെന്നും ലോകേഷ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ സിഇഒ ഡോ ലോകേഷിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇങ്ങനെ ഒരു ചെറിയ ശിക്ഷയെങ്കിലും നല്‍കിയതിന് സിഇഒ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ ശിക്ഷിക്കാന്‍ അവര്‍ സ്‌കൂള്‍ കുട്ടികളാണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com