ജയ്പൂര്‍: 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. വയലില്‍ കളിക്കുന്നതിനിടിയെയാണ് ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചയോടെ രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം.
കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചുവരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. പുലര്‍ച്ച രണ്ടുമണിയോടെയാണ് അവസാനമായി കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെും അധികൃതര്‍ പറഞ്ഞു. സമാന്തരമായി കുഴിക്കുകയും പൈപ്പിലൂടെ ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കയറിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ കുട്ടി തുറന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഒരുമണിക്കുറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
ദൗസ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. കുട്ടിയെ എത്രയും സുരക്ഷിതമായി പുറത്തെത്തിക്കുകയെന്നതിനാണ് മുന്‍ഗണനയെന്നും കലക്ടര്‍ ദേവേന്ദ്രകുമാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന ദുരന്തനിവാരണ സേനയ്‌ക്കൊപ്പം ദേശീയദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ ദൗസ ജില്ലയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസകാരിയെ ഇരുപത് മണിക്കൂറിന് പിന്നാലെ രക്ഷപ്പെടുത്തിയിരുന്നു. കുഴല്‍ക്കിണറില്‍ വീണകുട്ടി 26 അടി താഴ്ചയില്‍ കുടുങ്ങുകയായിരുന്നു. 31 അടി താഴ്ചയുള്ള കുഴല്‍ക്കിണറിന് സമീപം മറ്റൊരു കുഴി കുഴിച്ചാണ് കുട്ടിക്ക് അരികില്‍ എത്തിയത്. തുടര്‍ന്ന് 20 അടി നീളമുള്ള പൈപ്പ് കടത്തിവിട്ടാണ് കുട്ടിയെ പുറത്തെത്തിച്ചത്

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com