പീഡനവിവരം അറിഞ്ഞാല്‍ പരാതിക്കാരിയായ യുവതിയെ ആര് വിവാഹം കഴിക്കുമെന്ന് സുപ്രീംകോടതി. മലപ്പുറം സ്വദേശിനിയായ യുവതിയുടെ ഹർജി തള്ളിയാണ് ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ചോദ്യം. തനിക്ക് അഞ്ചു വയസുള്ളപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാരോപിച്ച് പതിനേഴാം വയസില്‍ നല്‍കിയ പരാതിയെ തുടർന്നെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്.അഞ്ച് വയസ് ആയിരുന്നപ്പോള്‍ അമ്മാവൻ പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിനിയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി 17 വയസ് ഉള്ളപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പരാതി നല്‍കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.
ഇതിനെതിരെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നുവെന്ന് കണ്ടെത്തിയതായി പരാതിക്കാരിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ് ചൂണ്ടിക്കാട്ടി. പരാതി നല്‍കാൻ കാലതാമസം ഉണ്ടായി എന്ന കാരണത്താല്‍ കേസ് റദ്ദാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ പരാതിക്കാരിക്ക് 21 വയസ് ആയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാല്‍, പരാതിക്കാരിയുടെ ഭാവി കണക്കിലെടുത്ത് ഹർജിയില്‍ തങ്ങള്‍ ഇടപടുന്നില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന ചൂണ്ടിക്കാട്ടി. പീഡനം നടന്നുവെന്ന് അറിഞ്ഞാല്‍ പിന്നെ അവരെ ആര് വിവാഹം കഴിക്കുമെന്ന് ജസ്റ്റിസ് നാഗരത്‌ന ആരാഞ്ഞു. തുടർന്ന് പരാതിക്കാരുടെ ഹർജി സുപ്രീം കോടതി തള്ളി. സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥിന് പുറമെ അഭിഭാഷകൻ മനു കൃഷ്ണൻ ജി.യും പരാതിക്കാരിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com