നവംബർ 15 വെള്ളിയാഴ്ച രാത്രി 10.30നാണ് ഝാൻസി മെഡിക്കൽ കോളേജിലെ ന്യൂബോൺ കെയർ യൂണിറ്റിൽ തീ പിടിച്ചത്. പ്രാഥമിക വിലയിരുത്തലിൽ ഒക്സിജൻ കോൺസെൻട്രേറ്ററിലെ ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണം. 49 കുഞ്ഞുങ്ങളിൽ പത്തു പേർ തൽക്ഷണം മരിച്ചു. മരിച്ച 3 കുഞ്ഞുങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത വിധം തീ കവർന്നിരുന്നു.
‘ഞങ്ങളുടെ കുഞ്ഞ് മരിച്ചിട്ടുണ്ട്. ധനസഹായം വേണം’ അപകടത്തിൽ പൊള്ളലേറ്റ ഒരു കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് ധനസഹായം ആവശ്യപ്പെടുകയാണ്. നിങ്ങളുടെ കുഞ്ഞ് ജീവനോടെ ഉണ്ടെന്നും ചികിത്സയിലാണെന്നും ജീവനക്കാർ അറിയിച്ചു. പക്ഷെ ബന്ധുക്കൾക്ക് കുഞ്ഞിനെയല്ല, നഷ്ടപരിഹാരം ആണ് വേണ്ടത്. മരിച്ച നവജാത ശിശുക്കളുടെ ബന്ധുക്കൾക്ക് യു. പി സർക്കാർ 5 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് നേടിയെടുക്കാനാണ് കുഞ്ഞ് മരിച്ചുവെന്ന വാദം. ശനിയാഴ്ച്ച രാവിലെ മെഡിക്കൽ കോളേജിൽ നടന്ന സംഭവം ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനാണ് വിശദീകരിച്ചത്. കുഞ്ഞ് മരിച്ചെന്നു പറഞ്ഞാൽ മാത്രം പണം കിട്ടില്ലെന്നും പരിശോധന ഉണ്ടാകുമെന്നും ആശുപത്രി ജീവനക്കാർ കട്ടായം പറഞ്ഞതോടെ ബന്ധുക്കൾ മടങ്ങുകയായിരുന്നു. തീപിടുത്തത്തിൽ മെഡിക്കൽ കോളേജിൻ്റെ ഭാഗത്ത് നിന്ന് ഒട്ടനവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. 18 കുഞ്ഞുങ്ങൾക്ക് മാത്രം സൗകര്യം ഉണ്ടായിരുന്ന റൂമിലാണ് 49 കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ചതെന്ന ആരോപണം നഴ്സ് മേഘ സ്ഥിരീകരിച്ചു. ഒരു വീഴ്ചയും വന്നിട്ടില്ലെന്ന് ആദ്യം പ്രതികരിച്ച മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.എസ് സെൻഗാർ, നഴ്സിന്റെ പ്രതികരണത്തോടെ വെട്ടിലായി. വീഴ്ചയുണ്ടായി എന്ന് ഉറപ്പ്. പരിധിയിൽ കൂടുതൽ കുട്ടികളെ എങ്ങനെ സ്പെഷ്യൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചു? അഗ്നിരക്ഷ ഉപകരണങ്ങൾ പ്രവർത്തന ക്ഷമമായിരുന്നില്ലെന്ന് ദൃക്ഷക്ഷികളുടെ മൊഴിയുണ്ട്. സുരക്ഷ ഓഡിറ്റുകൾ സമയാസമയം നടത്താതിരുന്നത് എന്ത് കൊണ്ട്? എല്ലാം കൃത്യമെന്ന് വാദിക്കുമ്പോഴും മെഡിക്കൽ കോളേജിന്റെയും ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെയും ഉത്തരങ്ങളിൽ വ്യക്തത ഇല്ല.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com