ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തല്‍ നടപടികള്‍ക്കെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാരിനു താക്കീതുമായി സുപ്രീം കോടതി. പരമോന്നതകോടതിയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിന്റെ ഭവിഷ്യത്ത് നേരിടണോയെന്നു സംസ്‌ഥാനസര്‍ക്കാരിനു തീരുമാനിക്കാമെന്നു ജസ്‌റ്റിസുമാരായ ബി.ആര്‍. ഗവായിയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച് മുന്നറിയിപ്പ് നല്‍കി. വര്‍ഗീയലഹളയുണ്ടായ ബറൈച്ചില്‍ ഒരുവിഭാഗത്തില്‍പ്പെട്ടവരുടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നല്‍കിയ നോട്ടീസ് ചോദ്യംചെയ്‌തുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ‘ബുള്‍ഡോസര്‍ നീതി’ സംബന്ധിച്ച് മുമ്ബ് പുറപ്പെടുവിച്ച ഉത്തരവ് അനധികൃതനിര്‍മിതികള്‍ പൊളിക്കുന്നതിനു തടസമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ ഇന്നു വീണ്ടും പരിഗണിക്കും. അതുവരെ ഒരു നടപടിയും കൈക്കൊള്ളരുതെന്നു യു.പി. സര്‍ക്കാരിനോടു കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ 13-ന് ഒരാളുടെ മരണത്തിനിടയാക്കിയ കലാപശേഷം പ്രാദേശിക അധികൃതര്‍ പൊളിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്നു പരാതിക്കാരുടെ അഭിഭാഷകന്‍ സി.യു. സിങ് ചൂണ്ടിക്കാട്ടി. നോട്ടീസിനു മറുപടി നല്‍കാന്‍ മൂന്നുദിവസം മാത്രമാണ് അനുവദിച്ചത്. അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനേത്തുടര്‍ന്നു നോട്ടീസ് കാലയളവ് 15 ദിവസമായി വര്‍ധിപ്പിച്ചു. എന്നാല്‍, പരാതിക്കാര്‍ക്കു യാതൊരു സംരക്ഷണവും നല്‍കിയിട്ടില്ലെന്ന് അഡ്വ. സിങ് വാദിച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരുടെ വസ്‌തുവകകള്‍ ഇടിച്ചുനിരത്തുന്ന ‘ബുള്‍ഡോസര്‍ നീതി’ക്കെതിരായ ഒരുകൂട്ടം ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അനുമതിയില്ലാതെ ഇത്തരം നടപടി കൈക്കൊള്ളരുതെന്നു മുമ്ബ് വാദം കേള്‍ക്കവേ യു.പി, രാജസ്‌ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്‌ഥാനസര്‍ക്കാരുകളോടു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അത് ലംഘിച്ചാല്‍ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന താക്കീതാണു കോടതി ഇന്നലെ യു.പി. സര്‍ക്കാരിനു നല്‍കിയത്. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com