ന്യൂഡല്‍ഹി: അസം കുടിയേറ്റം അംഗീകരിച്ച് സുപ്രീംകോടതി. 1966 ജനുവരി ഒന്ന് മുതല്‍ 1971 മാര്‍ച്ച് 25 വരെയുള്ള അസം കുടിയേറ്റത്തിനാണ് അംഗീകാരം. പൗരത്വ നിയമത്തിന്റെ ആറ് എ വകുപ്പിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. അഞ്ചംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പടെ നാല് ജഡ്ജിമാര്‍ ഭരണഘടനാ സാധുത ശരിവെച്ചു. ജസ്റ്റിസ് ജെ ബി പര്‍ദിവാല ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയായിരുന്നു. ജസ്റ്റിസ് സൂര്യകാന്താണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ 1985ല്‍ തയ്യാറാക്കിയ ഉടമ്പടിയും സുപ്രീംകോടതി ശരിവെച്ചു. കുടിയേറ്റ പ്രശ്നത്തിനുള്ള രാഷ്ട്രീയ പരിഹാരമാണ് 1985ലെ ഉടമ്പടിയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരത്വ നിയമത്തിലെ 6എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ വിധി. വിധിയോടെ 2019ലെ പൗരത്വ നിയമ ഭേദഗതി നിയമ വിരുദ്ധമെന്ന് പരിഗണിക്കപ്പെടാനുള്ള സാധ്യതയേറി.
1971 മാര്‍ച്ച് 25ന് ശേഷമുള്ള കുടിയേറ്റക്കാരുടെ പട്ടിക സുപ്രീംകോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1966 ജനുവരി ഒന്ന് മുതല്‍ 1971 മാര്‍ച്ച് 25 വരെയുള്ള കാലയളവില്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കിയത് നിയമപരമാണോയെന്നും പരിശോധിക്കും. 1966ന് ശേഷം വന്ന മുപ്പതിനായിരത്തിലധികം പേര്‍ വിദേശികളാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 1966 ജനുവരി ഒന്നിന് മുന്‍പ് കടന്നുവന്നവര്‍ക്ക് സാധാരണ ഗതിയില്‍ പൗരത്വം നല്‍കിയിട്ടുണ്ട്. അതിന് ശേഷമുള്ള പ്രത്യേക കാലയളവില്‍ (01.01.1966 മുതല്‍ 25.03.1971) കടന്നുവന്നവര്‍ക്ക് അതേ അവകാശങ്ങളുണ്ടെങ്കിലും പത്ത് വര്‍ഷത്തേക്ക് വോട്ടവകാശത്തിന് വിലക്കുണ്ടായിരുന്നു. അസമിലെ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് 1966 ജനുവരി ഒന്ന് മുതല്‍ 1971 മാര്‍ച്ച് 25 വരെയുള്ള കാലയളവിലെ കുടിയേറ്റക്കാരുടെ പൗരത്വം പ്രധാനമാണ്. 1955ലെ പൗരത്വ നിയമത്തില്‍ അസം കുടിയേറ്റം അംഗീകരിക്കുന്നതിനായി ഉള്‍ച്ചേര്‍ത്ത വകുപ്പാണ് 6എ. ഇന്ത്യന്‍ വംശജരായ വിദേശ കുടിയേറ്റക്കാരെ അംഗീകരിക്കുന്ന വകുപ്പാണിത്. 1966 ജനുവരി ഒന്നിന് ശേഷവും 1971 മാര്‍ച്ച് 25ന് മുന്‍പും എത്തിയവര്‍ക്കും ഈ വകുപ്പ് ബാധകമാണ്. അസം മൂവ്മെന്റും രാജീവ് ഗാന്ധി സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച മെമ്മോറാണ്ടം ഓഫ് സെറ്റില്‍മെന്റ് അനുസരിച്ച് അസം കുടിയേറ്റത്തിന് അംഗീകാരം നല്‍കിയത് 1985 ഓഗസ്റ്റ് 15നായിരുന്നു. അസമിലെ ഒരു വിഭാഗം തദ്ദേശീയ ജനത ഈ നിയമ ഭേദഗതി ചോദ്യംചെയ്ത് ഹര്‍ജി നല്‍കുകയായിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമ വിരുദ്ധ നുഴഞ്ഞുകയറ്റത്തിന് നിയമ സാധുത നല്‍കുന്നുവെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഈ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളുകയായിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com