Wednesday, September 17News That Matters
Shadow

മദ്രസകള്‍ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ല’; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷൻ

രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടാൻ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂൻഗോ. പാവപ്പെട്ട മുസ്‍ലിം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനാല്‍ സംസ്ഥാന സർക്കാറുകള്‍ മദ്രസകള്‍ക്ക് നല്‍കുന്ന ധനസഹായം നിർത്തണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞദിവസം ബാലാവകാശ കമ്മീഷൻ കത്തയച്ചിരുന്നു. കൂടാതെ മദ്രസ ബോർഡുകള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് മദ്രസകള്‍ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന വാദവുമായി പ്രിയങ്ക് കനൂൻഗോ രംഗത്തുവന്നത്. മുസ്‍ലിംകളുടെ ശാക്തീകരണത്തെ ഭയക്കുന്ന ഒരു വിഭാഗം നമ്മുടെ രാജ്യത്തുണ്ട്. ഇവർ ശാക്തീകരിക്കപ്പെട്ടാല്‍ തുല്യഅവകാശവും ഉത്തരവാദിത്തങ്ങളും ആവശ്യപ്പെടുമെന്നാണ് അവരുടെ ഭയം’ -പ്രിയങ്ക് കാനൂൻഗോ പിടിഐക്ക് നലകിയ അഭിമുഖത്തില്‍ പറഞ്ഞു.

മദ്രസകള്‍ പൂട്ടണമെന്ന് ഞങ്ങള്‍ ഒരിക്കലും വാദിച്ചിട്ടില്ല. സമ്ബന്ന കുടുംബങ്ങള്‍ക്ക് മതപഠനവും ഔപചാരിക വിദ്യാഭ്യാസവും ഒരുപോലെ ലഭിക്കുന്നുണ്ട്. ഇതേരീതിയില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ലഭിക്കണം. സാമൂഹിക സാമ്ബത്തിക നില പരിഗണിക്കാതെ എല്ലാ കുട്ടികള്‍ക്കും തുല്യമായ വിദ്യാഭ്യാസം ലഭിക്കണമെന്നും കാനൂൻഗോ പറയുന്നു. കുട്ടികള്‍ക്ക് സാധാരണ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഭരണകൂടത്തിന് അതിന്റെ ബാധ്യതകള്‍ക്ക് നേരെ കണ്ണടയ്ക്കാൻ സാധിക്കില്ല. എന്തിനാണ് നമ്മുടെ പാവപ്പെട്ട കുട്ടികളെ സ്കൂളുകള്‍ക്ക് പകരം മദ്രസകളില്‍ പഠിപ്പിക്കാൻ നിർബന്ധിക്കുന്നത്. ഈ നയം അവരുടെ മേല്‍ അന്യായ ഭാരം നല്‍കുകയാണെന്ന് പ്രിയങ്ക് കാനൂൻഗോ വ്യക്തമാക്കി.

1950ല്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നശേഷം ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്തർ പ്രദേശിലെ മദ്രസകള്‍ സന്ദർശിക്കുകയുണ്ടായി. തുടർന്ന് മുസ്‍ലിം കുട്ടികള്‍ സ്കുളുകളിലും കോളജുകളിലും ഉന്നതവിദ്യാഭ്യാസം നേടേണ്ടതില്ലെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസത്തില്‍ മുസ്‍ലിം പ്രാതിനിധ്യം ഗണ്യമായി കുറയാൻ ഇത് കാരണമായി. നിലവില്‍ ഇത് അഞ്ച് ശതമാനത്തിനടുത്താണ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നവരില്‍ 14 ശതമാനം പേരും പട്ടികജാതിക്കാരാണ്. പട്ടികവർഗക്കാർ അഞ്ച് ശതമാനം വരും. ഉന്നത വിദ്യാഭ്യാസത്തില്‍ ഇരുകൂട്ടരുമായി 20 ശതമാനം വരും. മറ്റു പിന്നാക്ക വിഭാഗക്കാർ 37 ശതമാനമുണ്ട്. അതേസമയം, മുസ്‍ലിംകളുടേത് അഞ്ച് ശതമാനമായി തുടരുകയാണെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ പറയുന്നു. മുസ്ലിം സമുദായത്തില്‍നിന്നുള്ള മുൻ വിദ്യാഭ്യസ മന്ത്രിമാരെയും അദ്ദേഹം കുറ്റപ്പെടുത്തി. ഈ മന്ത്രിമാർ മദ്രസകള്‍ക്ക് ഊന്നല്‍ നല്‍കുകയും സാധാരണ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വിദ്യാഭ്യാസത്തിനുള്ള മൗലികമായ അവകാശമാണ് നിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL