Wednesday, September 17News That Matters
Shadow

”മതേതര” സിവില്‍ കോഡ് അസ്വീകാര്യം, ശരീഅത്തില്‍ വിട്ടുവീഴ്ചയില്ല; മോദിക്ക് മറുപടിയുമായി മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ്

രാജ്യത്ത് ”മതേതര” സിവില്‍ കോഡ് നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് കടുത്ത മറുപടിയുമായി ആള്‍ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രംഗത്ത്. ”മതേതര” സിവില്‍ കോഡ് സ്വീകാര്യമല്ലെന്നും ശരീഅത്ത് നിയമത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും മുസ്‍ലിം വ്യക്തി നിയമ ബോർഡ് വാർത്താകുറിപ്പില്‍ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തില്‍ ”മതേതര” സിവില്‍ കോഡിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായിക നിയമങ്ങളായി വിശേഷിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുസ്‍ലിം വ്യക്തി നിയമ ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ചൂണ്ടിക്കാട്ടി.

ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയാണിത്. ഇന്ത്യൻ മുസ്‌ലിംകള്‍ തങ്ങളുടെ കുടുംബ നിയമങ്ങള്‍ ശരീഅത്തില്‍ അധിഷ്‌ഠിതമാണെന്ന് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്‌ലിമിനും അതില്‍ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ല. 1937ലെ ശരീഅത്ത് ആപ്ലിക്കേഷൻ ആക്‌ട് അംഗീകരിക്കപ്പെട്ടതാണ്. ആർട്ടിക്കിള്‍ 25 പ്രകാരം മതം പ്രചരിപ്പിക്കുന്നതും ആചരിക്കുന്നതും മൗലികാവകാശമായി ഇന്ത്യൻ ഭരണഘടന പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളുടെ കുടുംബ നിയമങ്ങളും അവരുടെ മതപരവും പൗരാണികവുമായ പാരമ്ബര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍, അവയില്‍ കൃത്രിമം കാണിക്കുകയും എല്ലാവരിലും മതേതരത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അടിസ്ഥാനപരമായി മതനിഷേധവും പാശ്ചാത്യ അനുകരണവുമാണെന്നും ഡോ. ഇല്യാസ് ചൂണ്ടിക്കാട്ടി.

‘വർഗീയ’വും ‘വിവേചന’ത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ നിലവിലെ ചട്ടക്കൂടിന് പകരം രാജ്യത്ത് ”മതേതര” സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഭരണഘടനയിലെ നിർദേശക തത്ത്വങ്ങളും സുപ്രീംകോടതി വിധികളും ഉദ്ധരിച്ചായിരുന്നു ഏക സിവില്‍ കോഡ് പേരുമാറ്റി ‘മതേതര’ സിവില്‍ കോഡിനു വേണ്ടിയുള്ള ആഹ്വാനം. ‘നാം 75 വർഷമായി ഒരു സാമുദായിക സിവില്‍ കോഡുമായി കഴിയുകയാണ്. അത് വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മതപരമായി വിഭജിക്കുന്നതും അസമത്വം വളർത്തുന്നതുമാണ്. രാജ്യത്ത് മതേതര സിവില്‍ കോഡ് അനിവാര്യമാണ്’ -മോദി വ്യക്തമാക്കി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL