ഇന്ത്യൻ സർക്കാർ ഓൺലൈൻ ഗെയിമിങ് നിരോധനം നടപ്പാക്കിയതിനെ തുടർന്ന് ഡ്രീം 11 അടക്കം ഇന്ത്യയിലെ ചില മുൻനിര മൊബൈൽ ഗെയിമിംഗ് ആപ്പുകൾ പണംവെച്ചുള്ള ഗെയിമുകൾ താൽക്കാലികമായി നിർത്തിവച്ചു. ഡ്രീം11, പോക്കർബാസി, മൊബൈൽ പ്രീമിയർ ലീഗ് തുടങ്ങിയ ജനപ്രിയ ആപ്പുകൾ അവരുടെ റിയൽ-മണി ഓഫറുകൾ നിർത്തിവച്ചതായി അറിയിച്ചു. ഓൺലൈൻ റിയൽ-മണി ഗെയിമുകൾക്കും അനുബന്ധ പരസ്യങ്ങൾക്കും പേയ്‌മെന്റ് സേവനങ്ങൾക്കും ടൈഗർ ഗ്ലോബൽ, പീക്ക് എക്സ്വി പാർട്ണേഴ്‌സ് തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയുള്ള മേഖലക്ക് നിരോധനം തിരിച്ചടിയായി. ഇത്തരം ആപ്പുകൾ ഉപയോക്താക്കൾക്ക് സാമ്പത്തികമായി ദോഷം വരുത്താനുള്ള ഉയർന്ന അപകടസാധ്യത ചൂണ്ടിക്കാണിക്കുകയും മാനസികമായി ഉണ്ടാകുന്ന ആഘാതവും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യൻ ഗെയിമിംഗ് കമ്പനികൾ സുപ്രീം കോടതിയിൽ പോകുന്നതിന് അഭിഭാഷകരുമായി കൂടിയാലോചന നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഡ്രീം 11 പൂർണ്ണമായും സൗജന്യമായ ഓൺലൈൻ സോഷ്യൽ ഗെയിമിലേക്ക് മാറിയെന്നും കമ്പനി വാർത്താകുറിപ്പിലൂടെ അറിയിച്ചു. 18 വർഷങ്ങൾക്ക് മുമ്പ് സ്പോർട്സ് ടെക് കമ്പനിയായി ഈ യാത്ര തുടങ്ങുമ്പോൾ, യു.എസ്.എ ഫാന്റസി സ്പോർട്സ് ഇൻഡസ്ട്രിയുടെ 1% പോലും ഉണ്ടായിരുന്നില്ല. Dream11-ന്റെ ഫാന്റസി സ്പോർട്സ് ഉൽപ്പന്നം ഇന്ത്യയിലെ കായിക രംഗം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്.
