അനധികൃതമായി നിർമിച്ചെന്നു കാണിച്ച് വീടുകള്‍ പൊളിച്ചുമാറ്റിയ സംഭവത്തില്‍ ഉത്തർപ്രദേശ് സർക്കാറിനും പ്രയാഗ്‌രാജ് വികസന അതോറിറ്റിക്കും സുപ്രീംകോടതിയുടെ വിമർശനം. വീടുകള്‍ പൊളിച്ചുമാറ്റിയ നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച്, പൊളിക്കല്‍ നടപടി ബലപ്രയോഗത്തിലൂടെയാണ് നടന്നതെന്ന് നിരീക്ഷിച്ചു. രാജ്യത്ത് നിയമവാഴ്ച ഉണ്ട്. പൗരന്മാരുടെ പാർപ്പിടങ്ങള്‍ ഈ രീതിയില്‍ പൊളിക്കാൻ കഴിയില്ല. പാർപ്പിടത്തിനായുള്ള അവകാശം എല്ലാവർക്കുമുണ്ട്. നടപടി മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും നിയമാനുസൃത നടപടിക്കുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും കോടതി പറഞ്ഞു. പൊളിച്ചുമാറ്റിയ ഓരോ വീടിന്‍റേയും ഉടമകള്‍ക്ക് ആറു മാസത്തിനുള്ളില്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അഭിഭാഷകനായ സുല്‍ഫിക്കർ ഹൈദർ, പ്രൊഫസർ അലി അഹമ്മദ് തുടങ്ങിയവരുടെ ഉള്‍പ്പെടെ വീടുകളാണ് പൊളിച്ചുമാറ്റിയത്. ഇവർ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള പ്രയാഗ്‌രാജിലെ പൊളിച്ചുമാറ്റലിനെ കോടതി നേരത്തെയും വിമർശിച്ചിരുന്നു.
