Saturday, April 11News That Matters
Shadow

സമസ്ത കേന്ദ്ര മുശാവറ അംഗം ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ അന്തരിച്ചു

കണ്ണൂര്‍: പ്രമുഖ മുസ്ലീം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍ (88) അന്തരിച്ചു. വാര്‍ദ്ധകൃ സഹജമായ അസുഖത്ത തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അന്ത്യം. പുതുശ്ശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും, തലശ്ശേരി, മാഹി, പാനൂര്‍, ചൊക്ലി, കോട്ടക്കല്‍, നിട്ടൂര്‍, അഴിയൂര്‍ തുടങ്ങിയ മുപ്പതോളം മഹല്ലുകളുടെ ഖാസിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മങ്ങാട് മഹല് പ്രസിഡന്റ്, ഖുതുബി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1937 ലാണ് ജനനം. കാസര്‍ക്കോട്ടെ പരേതരായ തളങ്കര മുഹമ്മദ് സഈദ് മുസലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായിരുന്ന ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്ല്യാരുടെ പൗത്രനാണ്. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാരില്‍ നിന്നും, പിന്നീട് പെരിങ്ങത്തൂര്‍ ദര്‍സ്, കല്ലറക്കല്‍ ദര്‍സ് പ്രാഥമിക പഠനത്തിന് ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി.പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, സികെഎം സാദിഖ് മുസ്ലിയാര്‍, എ കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഇ സുലൈമാന്‍ മുസ്ലിയാര്‍ എന്നിവര്‍ സഹപാഠികളാണ്. പാനൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍, നിട്ടൂര്‍, വയലക്കണ്ടി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. ഭാര്യ: പരേതയായ സി. ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: സഫിയ, സാജിത, മുഹമ്മദ് സഈദ് (ഖത്തര്‍ ), മുഹമ്മദ് സാദിഖ് (വ്യാപാരി), മുഹമ്മദ് സാലിം (ഖത്തര്‍). മരുമക്കള്‍: ഇ അബുറഹിമാന്‍ (കൂത്തുപറമ്പ്), നാസര്‍ ഫൈസി (ഖത്തര്‍). സഹോദരങ്ങള്‍: ടി.എസ് അബ്ദുല്‍ കാദര്‍ മുസ്ലിയാര്‍, ടി എസ് അബൂബക്കര്‍ മുസ്ലിയാര്‍, ടി എസ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, ടി എസ് അബ്ദുറഹീം, റാബിയ (പയ്യോളി).

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL