
നിലമ്പൂർ: ജന്മദിനത്തിൽ കളിച്ചുകൊണ്ടിരിക്കെ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറുവയസ്സുകാരൻ മരിച്ചു. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച സിഫ്രാന്റെ ആറാം ജന്മദിനമായിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെ എത്തിയ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി. സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ, തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക തൂണിലെ (അരഫില്ലർ) വെട്ടുകല്ലുകൾ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്.
