Monday, March 2News That Matters
Shadow

തേഞ്ഞിപ്പാലത്ത് വൻ ലഹരിവേട്ട

തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ പരിസരം കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ ദമ്പതികളടക്കം മൂന്ന് പേരെ തേഞ്ഞിപ്പാലം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), സഹായിയായ കവലക്കണ്ടി സലാഹുദ്ദീൻ (28) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന്റെ തലവനും അസീസിന്റെ മകനുമായ ജാസിർ ഒളിവിലാണ്. ഒരു കിലോ 116 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ജാസിറിന്റെ വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗോവണിയുടെ താഴെ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് പരിശോധന തുടരുന്നതിനിടെ മയക്കുമരുന്ന് മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാനായി ബൈക്കിലെത്തിയ സലാഹുദ്ദീനെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. ലഹരിമരുന്ന് സൂക്ഷിച്ച സ്ഥലം വീട്ടുകാർ കാണിച്ചുതരുമെന്ന ധാരണയിലാണ് ഇയാൾ എത്തിയത്. വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 21 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. ഇതിനുപുറമെ ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന ഏഴ് മൊബൈൽ ഫോണുകൾ, രണ്ട് ലാപ്ടോപ്പുകൾ, മയക്കുമരുന്ന് തൂക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന അഞ്ച് ചെറിയ ത്രാസുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു. സർവകലാശാലാ പരിസരത്തെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ വിൽപനയെന്നാണ് സൂചന. ഒളിവിലുള്ള പ്രധാന പ്രതി ജാസിറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL