Monday, March 2News That Matters
Shadow

താനൂർ ബി.ആർ.സിയിൽ ‘സ്ട്രീം എക്കോസിസ്റ്റം’ പ്രോജക്ട് അവതരണം സംഘടിപ്പിച്ചു

പൊതുവിദ്യാലയങ്ങളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യവും ഇന്നവേഷൻ മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘സ്ട്രീം എക്കോസിസ്റ്റം’ പദ്ധതിയുടെ ഭാഗമായി ഗവേഷകകൂട്ടത്തിന്റെ പ്രോജക്ട് അവതരണം നടന്നു. സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും (കുസാറ്റ്) സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ താനൂർ ബി.ആർ.സി തല പ്രോജക്ട് അവതരണം ജനുവരി 31-നാണ് സംഘടിപ്പിച്ചത്. ട്രെയിനർ സലിം സ്വാഗതം ആശംസിച്ച ചടങ്ങ് റിയോൺ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് അവതരണങ്ങളുടെ വിലയിരുത്തൽ മലയാളം സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സബ്ന വി. നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി 12 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. ഓരോ വിദ്യാലയത്തിൽ നിന്നും അഞ്ച് കുട്ടികളും ഒരു ചുമതലയുള്ള അധ്യാപകനുമാണ് എത്തിയത്. പങ്കെടുത്ത എല്ലാ വിദ്യാലയങ്ങളും മികച്ച രീതിയിലുള്ള പ്രോജക്ട് അവതരണങ്ങളാണ് കാഴ്ചവെച്ചത്. ഇതിൽ നിന്നും ജില്ലാതല അവതരണത്തിലേക്ക് ഓരോ ക്ലാസിൽ നിന്നും ഓരോ പ്രോജക്ട് വീതം തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് കുട്ടികളും ഒരു മെന്ററും അടങ്ങുന്ന രീതിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അവതരിപ്പിച്ച പ്രോജക്ടുകൾ കൂടുതൽ മികവുറ്റതാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങളും ചടങ്ങിൽ നൽകി. ഡി.പി.ഒ. സുരേഷ് കൊളശ്ശേരി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ആർ.സി.സി. സുരഭി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL