Sunday, March 1News That Matters
Shadow

ബംഗളുരുവിൽ നിന്ന് ലഹരി എത്തിക്കുന്ന ‘മുരുകൻ’ MDMAയുമായി വലയിൽ

മലപ്പുറം: അന്തർസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനിയും ബംഗളുരുവിൽ നിന്ന് നേരിട്ട് ജില്ലയിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയുമായ യുവാവ് പോലീസിന്റെ പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാം (28) ആണ് 40 ഗ്രാം എം.ഡി.എം.എയുമായി വഴിക്കടവ് ആനമറിയിൽ വെച്ച് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ ‘മുരുകൻ’ എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ബംഗളുരുവിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എസ്.ഐ പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ രാത്രി ഒമ്പത് മണിയോടെ വഴിക്കടവ് ആനമറിയിൽ വെച്ചാണ് പരിശോധന നടന്നത്. പ്രതിക്കെതിരെ നേരത്തെ എക്‌സൈസിലും ലഹരി കേസുകൾ നിലവിലുണ്ട്. എസ്.ഐ ബി. തോമസ്, സീനിയർ സി.പി.ഒ സൂര്യകുമാർ, സി.പി.ഒ വിനു, ഡാൻസാഫ് (DANSAF) അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻ ദാസ്, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്. മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL